കോട്ടയം: ഇത്തവണ വിഷുവിനു കണികാണാന്‍ കുടുംബശ്രീയുടെ കണിവെള്ളരികള്‍. കുടുംബശ്രീ നെടുംകുന്നം ഗ്രീന്‍വാലി ജെഎല്‍ജി ഗ്രൂപ്പിന്റെയും തലയാഴം രാഗം ജെഎല്‍ജി ഗ്രൂപ്പിന്റെയും കണിവെള്ളരികളാണ് വിപണിയിലെത്താന്‍ തയാറെടുക്കുന്നത്.
ഗ്രീന്‍ വാലി ജെഎല്‍ജി ഗ്രൂപ്പ് വര്‍ഷങ്ങളായി കാര്‍ഷികരംഗത്ത് സജീവമാണ്. മുളയന്വേലിയില് മൂന്നേക്കറോളം സ്ഥലം പാട്ടത്തിനെടുത്താണ് ഇവര്‍ കൃഷി ചെയ്യുന്നത്. ഇതില്‍ ഒന്നരയേക്കര്‍ സ്ഥലമാണ് കണിവെള്ളരി കൃഷിക്കായി ഉപയോഗിച്ചിരിക്കുന്നത്. ബാക്കി സ്ഥലത്ത് പയര്‍, ചീര, കോവല്‍, വഴുതന, ചേന, ചേമ്പ്, കപ്പ, കാച്ചില്, മഞ്ഞള്‍, ഇഞ്ചി, ശീമച്ചേമ്പ് തുടങ്ങിയ വിളകളാണ് കൃഷി ചെയ്യുന്നത്. കുടുംബശ്രീ ഔട്ട്ലെറ്റുകള്, പച്ചക്കറിക്കടകള്‍, കുടുംബശ്രീ വിപണനമേളകള് എന്നിവയാണ് പ്രധാന വിപണിയെന്നും ഗ്രീന്‍വാലി ജെഎല്‍ജി ഗ്രൂപ്പ് അംഗം റോസിലി വര്‍ഗീസ് പറയുന്നു. സിവിത വിജില്‍, റോസമ്മ ജോസഫ്, അന്നമ്മ തോമസ്, ബീന മാത്യു എന്നിവരും റോസിലിക്കൊപ്പം കാര്‍ഷികരംഗത്ത് സജീവമാണ്. നഷ്ടമായാലും ലാഭമായാലും അത് നേരിടാനുള്ള മനസോടെ വേണം കൃഷിയിലേക്കിറങ്ങാവൂ എന്നേ ഇവര്‍ക്ക് പറയാനുള്ളൂ.
തലയാഴം രാഗം ജെഎല്‍ജി ഗ്രൂപ്പ് അരയേക്കറിലാണ് കണി വെള്ളരി കൃഷി ചെയ്യുന്നത്. നാലുപേര്‍ ചേര്‍ന്നാണ് കൃഷി. ഇതിനു പുറമേയാണ് ജെഎല്‍ജി അംഗമായ മിനി ഷാജി വട്ടക്കരി പാടശേഖരത്തില്‍ ഒന്നര ഏക്കറില്‍ കണിവെള്ളരി കൃഷി ചെയ്യുന്നത്. ആറു മാസം നെല്‍കൃഷിയുള്ള പാടമാണിത്.
നവംബര്‍ മാസം അവസാനത്തോടെ കൊയത്തു കഴിയുന്ന പാടത്ത് ഡിസംബര്‍ ആദ്യത്തോടെ വെള്ളരിക്കു രു കുത്തും. ഫെബ്രുവരി ആദ്യമാകുമ്പോഴേക്കും പൂ കുത്തിത്തുടങ്ങും. വിഷുവിനാണ് കാര്യമായ വിളവെടുപ്പ്. കഴിഞ്ഞ മാസം മഴ പെയ്തതിനാല്‍ വെള്ളരിച്ചെടികളില് കുറേ ചീഞ്ഞു പോയത് വിളവിനെ ബാധിച്ചിട്ടുണ്ടെന്ന് മിനി പറയുന്നു. കഴിഞ്ഞ വര്‍ഷം ഒന്നര ഏക്കറില്‍നിന്ന് 25 ക്വിന്റലോളം വിളവ് ലഭിച്ചിരുന്നു.
ഇത്തവണ വിളവ് കുറവായതിനാല്‍ വില അല്‍പ്പം കൂടുതല്‍ കിട്ടമെന്ന പ്രതീക്ഷയിലാണിവര്‍. ഇപ്പോള്‍ കിലോ 15 രൂപമുതല്‍ 18 രൂപവരെയാണ് കണിവെള്ളരിയുടെ വില. വിഷുവാകുമ്പോഴേക്കും കിലോയ്ക്ക് 24 രൂപ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.വര്‍ഷങ്ങളായി കൃഷി ചെയ്യുന്നതിനാല്‍ സ്ഥിരമായി കണിവെള്ളരി എടുക്കാന്‍ വരുന്ന കച്ചവടക്കാരുണ്ട്.